ചിലർ വരുമ്പോൾ…
ഒരു മനുഷ്യനും ഓരോ വ്യക്തിയാണ്. ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഒരു സ്ത്രീ ഒന്നിൽ കൂടുതൽ വ്യക്തിയാണെന്ന്. ഒരു വ്യക്തിയെ അവൻ അല്ലെങ്കിൽ അവളാക്കുക അവരുടെ പേര് നാട് ഭാഷ ഇവയെ ആസ്പദമാക്കിയാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ ഒരു സ്ത്രീക്ക് മാത്രം കൺഫ്യൂഷൻ ഉണ്ടാവാറുണ്ട്. ഉദാഹരണത്തിന്: “എവിടെയാണ് വീട്” ചോദ്യത്തിന് സ്ത്രീകൾക്കു മാത്രം മൾട്ടിപ്പിൾ ചോയ്സ് ഉത്തരങ്ങൾ ആണ് ഉണ്ടാവാറ്. “എൻറെ വീട് പാലക്കാട്. വരുന്നത് മലപ്പുറത്ത് നിന്നും- ഭർത്താവിൻറെ വീട്”.
ദിനംപ്രതി വളരുകയും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് ഓരോ മനുഷ്യരും. ഇത് അറിഞ്ഞും അറിയാതെയും സംഭവിക്കാം. ഇഷ്ടപ്പെട്ടു ഇഷ്ടപ്പെടാതെയും ആവാം. എന്നാൽ സ്ത്രീകളിൽ ഭൂരിഭാഗം പേരും നിർബന്ധിതരാവലാണ് പതിവ്. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സ്ത്രീകൾക്ക് ഒരു പ്രത്യേക കഴിവാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വാസ്തവത്തിൽ അത് ശരിയാണെന്ന് തോന്നാറുണ്ട്. ഒരു പത്തുവർഷം പിന്നിലോട്ട് സഞ്ചരിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാക്കാം. വിവാഹം കഴിഞ്ഞ് ഒരു പറിച്ചു നടലിന്റെ ഭാഗമാവാത്തവർ ചുരുക്കമാണ്. വളർന്ന വീടും വീട്ടുകാരും ഒന്നും കൂടെയില്ലാതെ ഒരു 20 -25 വയസ്സ് ആവുമ്പോഴേക്കും ഒരു പക്ഷേ ഇതുവരെ കണ്ടിട്ടോ പരിചയപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു ആണിൻറെ കൂടെ ഒരു കുടുംബത്തിലേക്ക് കയറി വന്നിരുന്നവളാണ് അവൾ.
പ്രായപൂർത്തിയാവുന്നതോടുകൂടി മറ്റൊരു വീട്ടിലേക്ക് പോകേണ്ടവളാണ് എന്ന കണ്ടീഷനിങ്ങോട് കൂടെ വളർത്തി വരുന്നതുകൊണ്ടായിരിക്കാം പുതിയ കാലാവസ്ഥയുമായി അവൾ പൊരുത്തപ്പെട്ട് പോകുന്നത്. ജലം എപ്രകാരമാണോ അടങ്ങിയിരിക്കുന്ന പാത്രത്തിന്റെ രൂപം പ്രാപിക്കുന്നത് അപ്രകാരം ഒരു സ്ത്രീയും മാറേണ്ടതുണ്ട് എന്നായിരുന്നു പണ്ടൊക്കെ അച്ഛനമ്മമാർ പഠിപ്പിച്ചത്. ഈ മാറ്റം രണ്ടുവിധത്തിൽ ആവാം. ഒന്ന് സ്നേഹം. ഇഷ്ടത്താൽ. മറ്റൊന്ന് ബാഹ്യപ്രേരണ കൊണ്ട്. കാർബൈഡ് വെച്ച് പഴുപ്പിക്കുന്ന മാങ്ങയും തനിയെ കാലാവസ്ഥയുടെ സ്വാധീനം കൊണ്ട് പഴുക്കുന്ന മാങ്ങയും തമ്മിലുള്ള വ്യത്യാസം ഇതിനുമുണ്ട്. സ്നേഹം കൊണ്ട് എന്തിനെയും ഏതിനെയും നമുക്ക് മാറ്റാൻ കഴിയും. എന്നാൽ നിർബന്ധിത ഘട്ടങ്ങളിൽ മാറേണ്ടി വരുമ്പോൾ അത് ഒരു സ്ത്രീക്കും ആത്മനിന്ദയും ആത്മഹത്യാ തുല്യവുമാണ്.
സ്വന്തം വ്യക്തിത്വത്തിന് വേണ്ടി സ്വന്തം ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്ന സ്ത്രീകൾ പലപ്പോഴും സമൂഹത്തിൻറെ കണ്ണിൽ അഹങ്കാരിയും ഫെമിനിസ്റ്റും ആണ്. സ്ത്രീകൾക്കുവേണ്ടി സംസാരിക്കുകയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെ പ്രതികരിക്കുകയും ചെയ്യുന്നവർ എല്ലാവരും സോഷ്യൽ മീഡിയയിലും വാർത്താചാനലുകളിലും ഇടം പിടിച്ചോളണം എന്നില്ല.’അംസങ് ഹീറോസ്’ മഹിളകളുടെ ഇടയിലും ഉണ്ട്. ഐതിഹ്യങ്ങളിൽ പറയപ്പെടുന്ന സ്ത്രീരത്നങ്ങൾ - അഹല്യ ദ്രൗപതി സീത താരാ മണ്ഡോദരി- മാത്രമല്ല, മുൻനിരയിൽ പരാമർശിക്കപ്പെടാത്ത സ്ത്രീ കഥാപാത്രങ്ങൾ നമ്മൾ സാധാരണക്കാരുടെ ഇടയിലും മരിച്ച് ജീവിച്ച് ഇരിപ്പുണ്ട്.
‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്‌ത്രീകളുടെ കത’ ഇത്തരത്തിലുള്ള സ്ത്രീകളെ അണിനിരത്തുന്നു. തെക്കേ കേരളത്തിന്റെയും വടക്കേ കേരളത്തിന്റെയും ‘മലയാളങ്ങളെ’ കോർത്തിണക്കി കൊണ്ടാണ് രാജശ്രീ ഈ കഥ പറയുന്നത്. ഒരു വശത്ത് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്വയം സമ്പാദിക്കാൻ പരിശ്രമിക്കുന്ന ഒരുവൾ. മറുവശത്താകട്ടെ തന്നെ ഒരു സ്ത്രീയായി ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ഭർത്താവിൽ നിന്നും മാറിനിൽക്കാതെ മാറി നിൽക്കുന്ന ഒരുവൾ. സഹോദരി പുത്രനെ സ്വന്തം പുത്രനെ പോലെ സ്നേഹിച്ചിട്ടും തൃപ്തിവരാതെ മനസ്സാക്ഷി മരണപ്പെട്ട സഹോദരിയുടെ പക്ഷം ചേർന്ന് ചോദ്യം ചെയ്യപ്പെടുന്ന മറ്റൊരുവളെയും വായനക്കാർക്ക് കാണാം. കല്യാണിയും ദാക്ഷായിനിയും സമയത്തെ അതിജീവിച്ചവരാണ്. അവർ ചരിത്രത്തിലും നമ്മുടെ ഇടയിലും ജീവിച്ചു കൊണ്ടിരിക്കുന്ന വരാണ് . പേരില്ല ഒച്ചയില്ല പോരാളികൾ!
29 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം. ഞാൻ പത്താംതരത്തിൽ പഠിക്കുന്നു. ഗ്രാമങ്ങളിൽ ഒരു വീട്ടിലെ വിവാഹം ഗ്രാമത്തിന്റെ തന്നെ ആഘോഷമായി മാറുമായിരുന്നു. അന്നൊരു നാൾ അയൽപക്കത്തെ വീട്ടിൽ ഒരു വിവാഹം. പെൺകുട്ടി ഏകദേശം 18 വയസ്സ് തികഞ്ഞു കാണും. അവരുടെ ആചാരപ്രകാരം വരന്റെ വീട്ടുകാർ കൊണ്ടുവരുന്ന വസ്ത്രം വേണം വധു അണിഞ്ഞ് വിവാഹപ്പന്തലിൽ പ്രവേശിക്കാൻ. വസ്ത്രം എന്നുദ്ദേശിച്ചത് ‘അടിമുടി എല്ലാ വസ്ത്രങ്ങളും’ എന്നാണ്. അയൽ വീട്ടിലെ തിക്കും തിരക്കും നാട്ടുകാരെ ഉണർത്തി.
പപ്പടം കാച്ചലിന്റെ മണം, മുല്ലപ്പൂ പരത്തിയ സുഗന്ധം, നാദസ്വരക്കാരുടെ മേളം, ചുറ്റുവട്ടമുള്ള വീടുകളിലെ ജനാലകളുടെ കണ്ണുതുറപ്പിച്ചു. വിവാഹത്തിനു പങ്കെടുക്കാത്ത എന്നെപ്പോലെയുള്ളവർ ജനാലക്കൽ സ്ഥാനം പിടിച്ചു. ചെറുക്കന്റെ വീട്ടുകാർ എത്തുന്നതോടുകൂടി പെണ്ണിനെ ഒരുക്കലാണ്. നാദസ്വരത്തിന്റെ അകമ്പടിയോടുകൂടി പെൺകുട്ടി കല്യാണപന്തലിലേക്ക് എത്തേണ്ട സമയമായി. എന്നാൽ നാദസ്വരം മുറുകി താലികെട്ടിന് എത്തി നിൽക്കേണ്ട സ്ഥാനത്ത് പൊടുന്നനെ ആ സന്ദർഭത്തെ നിശബ്ദത കയ്യേറി. അൽപ്പനേരത്തേക്ക് വിവാഹ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളും നാട്ടുകാരുടെയും കലപിലെ വർത്തമാനത്തിനായി ചടങ്ങു വഴിമാറി. അധികം വൈകാതെ തന്നെ മേളം തുടങ്ങുകയും മുറുകുകയും ഒടുങ്ങുകയും ചെയ്തു. വിവാഹം മംഗളമായി കലാശിച്ചു. ഇടയ്ക്ക് വെച്ച് സംപ്രേഷണം നിന്നു പോയതെന്തിന് എന്ന് പെട്ടെന്ന് ആർക്കും പിടികിട്ടിയില്ല!
പിന്നീട് ഒരു ദിവസം കേട്ടറിഞ്ഞു, അവൾ, ആ വധു ആവാൻ ഒരുങ്ങിയ പെൺകുട്ടി, വസ്ത്രം മാറുന്നതുമായി ബന്ധപ്പെട്ട് ചില നിബന്ധനകളിൽ ഉറച്ചുനിന്നത്രേ! വരൻറെ വീട്ടുകാർ കൊണ്ടുവന്ന സാരിയും മേൽ വസ്ത്രങ്ങളും മാത്രമേ അവൾ മാറ്റിയുടുക്കുകയുള്ളൂ എന്ന് ഉറപ്പിച്ചു പറഞ്ഞു. ‘യുദ്ധ’ത്തിൻറെ ആരംഭത്തിൽ ആയിരുന്നു മേളക്കാർ വാദ്യവും നിർത്തിയതും നാട് നിശബ്ദതയ്ക്ക് വഴി മാറിക്കൊടുത്തതും. ആ തീരുമാനത്തിന് കാരണവന്മാർ തോൽവി സമ്മതിച്ചു. അതോടുകൂടി കാലങ്ങളോളം അന്ധമായി ശീലിച്ചുവന്ന ആ ആചാരം മാറ്റത്തിന് വഴി മാറി കൊടുത്തു. മുഖം പോലും ഇന്ന് ഓർക്കാത്ത എൻറെ അയൽക്കാരിയെ ഇന്ന് ഞാൻ രോമാഞ്ചത്തോടെ ഓർക്കുന്നു!
Comments
Post a Comment